സമതലങ്ങളിലെ ശലഭങ്ങൾ

സ്യമന്തകം

ആരു കവർന്നു സ്യമന്തകം, ചൈത്രമെൻ
മാനസ വാതിൽ തുറന്ന നേരം?
ആരു വിമൂകം കടന്നുപോയീവഴി
ആരു കവർന്നു സ്യമന്തകം?

ആകാശഗംഗയിലേക്കു തുറക്കുമീ
ജാലകച്ചോട്ടിൽ തനിച്ചുനിൽക്കേ,
തൂമഞ്ഞുനീരിന്റെ കുഞ്ഞലച്ചാർത്തുകൾ
സ്നേഹമായെന്നെ തലോടിനിൽക്കെ,
ഏതോ നിശാഗന്ധി കാറ്റിനുനൽകിയ
ഭാവമരന്ദം കടന്നുപോകെ,
ഏതോ കടങ്കഥപോൽ വിരൽപ്പാടുകൾ
ആരുപേക്ഷിച്ചു മനസ്സിനുള്ളിൽ?

താമരത്താരിതൾ പാദങ്ങളർപ്പിച്ച-
താരോ മനസ്സിന്നകത്തളത്തിൽ.
ശാരദാകാശമോ, താരങ്ങളോ, കുളിർ
ചാമരംവീശും മണിത്തെന്നലോ?
ആരു പറഞ്ഞിടുമെൻമണിച്ചെപ്പിൽ നി -
ന്നാരു കവർന്നു സ്യമന്തകം?

ദൂരെ നിശീഥത്തിലേക്കു പറന്നുപോം
ചാരുപതംഗങ്ങൾ കൂടണയേ,
പേരറിയാത്തൊരു നൊമ്പരപ്പൂക്കളിൽ
ഞാനറിയാതെ മറന്നു നിൽക്കെ,
ആരു കവർന്നെടുത്തെൻ മണിച്ചെപ്പിൽ നി -
ന്നേഴഴകുള്ള സ്യമന്തകം?
ഏഴഴകുള്ള സ്യമന്തകം?


05.10.2016

ഉള്ളടക്കം
സമതലങ്ങളിലെ ശലഭങ്ങൾ | ഷെല്ലിയിലേക്കുള്ള വഴി | രജതകുംഭം | ഏണിയും പാമ്പും | സ്യമന്തകം | മതം മടുക്കുമ്പോൾ | അപരാഹ്നം | പ്രവാസം | ഓർക്കുന്നു നിരന്തരം | തീരെച്ചെറിയ ഉറുമ്പുകൾ | ഇരുൾയാത്രകൾ | നഗരശില്പി | സഖാന്ദ്ര | മന്ദസമീരണൻ | നമ്മൾ | കടലിരമ്പുന്നു | ഇന്നലെകൾ | നിർബോധനം | തിരകൾ എണ്ണുമ്പോൾ | പന്തയക്കുതിരകൾ | പാൽമിറയിലെ കമാനങ്ങൾ | ഒരു പൈങ്കിളിക്കവിത | ബിംബിസാരന്റെ യാഗശാല | ഒരു തിരി കൊളുത്തട്ടെ! | അവത് | വഴിയും കാല്പാടും | ഇതു പ്രളയകാലം! | നളന്ദയിലെ മിന്നാമിനുങ്ങുകൾ | താതാത്മജം | സൂര്യനായ്, സൂര്യ പ്രവേഗമായ്‌ | ഗ്രാമാന്തരം | ഇന്ദ്രജാലം | മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ | ജൈവവളം | ശത്രുപക്ഷം | ഒമര്‍ഖയാം ചിരിക്കുമ്പോള്‍ | പറയാതെ പോയ കപോതങ്ങളെ | കണ്ടുവോ സോക്രട്ടീസേ | അഹല്യ | കോട്ടു തുന്നുന്നവര്‍ | കാത്തിരിപ്പ്‌ | താമ്രപർണ്ണി | അനന്തരം | വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക
ഭാഷാന്തരം
മിഖായേൽ | ഉത്തരം സ്പഷ്ടമാണല്ലോ കാറ്റിൽ | പൂർണേന്ദുവും ഒഴിഞ്ഞ കരങ്ങളും | മുറ്റത്തു നിന്നൊരു ഗീതം