സമതലങ്ങളിലെ ശലഭങ്ങൾ

സൂര്യനായ്, സൂര്യപ്രവേഗമായ്‌

ഇനി കാത്തിരിപ്പില്ല, ഉഛ്വാസവായുവിൽ
മുഷിവില്ല, കാനൽ ജലത്തിനായ്‌ കേഴില്ല.

കരുതിയ പാഥേയമർപ്പിപ്പു നീരുമായ്
ഉദകമല്ലോ സ്വീകരിക്കു വിഭാതമെ.
ഇനിയും വരാത്തനിന്നുദകം കഴിച്ചിനി
പടി കടന്നീടണം തളരാതെ പോകണം.
ഒരുവേള ഭൂതകാലത്തിന്റ ചങ്ങല പിറകിൽ
കൊളുത്തി വലിക്കുന്നു മാദകം.
മധുരം മനോഹര മന്ദഹാസത്തിന്റെ
ചൊടികൾ വിളിക്കുന്നു, പിന്നിൽ കൊളുത്തുന്നു.
അരുതെന്നു ചൊല്ലുന്ന രാത്രി സൗഗാന്ധിക
മദഭരയാമങ്ങൾ പിന്നിൽ വിളിക്കുന്നു.

ഉടവാളു കൊണ്ടരിഞ്ഞീടട്ടെ പിന്നിലെ
വിളികൾ, കൊളുത്തുകൾ, ചങ്ങലപ്പൂട്ടുകൾ.
രണഭൂമി താണ്ടണം, കാവൽപ്പുരകളിൽ
വിറപൂണ്ട ദേശാടനക്കിളി കേഴുന്നു.
ചിറതാണ്ടണം, ഘോരമഴതാണ്ടണം പിന്നെ
നിലയുറയ്കാത്ത കല്ലോലങ്ങൾ താണ്ടണം.
സമരവീര്യത്തിന്റ യാനപാത്രം രൗദ്ര
രണഭേരി വീണ്ടും മുഴക്കുന്നു, വിണ്ണിന്റ
വിരിമാറു കീറി പതാക മുന്നേറുന്നു.

സമയമില്ലോട്ടുമേ മഷിയുണങ്ങും മാത്ര
കളയില്ല, കമ്പിളിത്തുകിലണിഞ്ഞീടട്ടെ.
അയുതം ശരങ്ങളും, വില്ലും കവചവും
തിലകസിന്ദൂരവും, കരളിലാഗ്നേയവും,
കടവിലെ കൽമണ്ഡപത്തിന്റ തിണ്ണയിൽ
തമസിന്റ ഭാണ്ഡമുപേക്ഷിച്ചു സൂര്യനായ്
സമയാശ്വമേറിമുന്നേറട്ടെ സത്വരം.


ഇതു 'കാത്തിരിപ്പ്' എന്ന കവിതയുടെ രണ്ടാം ഭാഗം.
18.02.2014

ഉള്ളടക്കം
സമതലങ്ങളിലെ ശലഭങ്ങൾ | ഷെല്ലിയിലേക്കുള്ള വഴി | രജതകുംഭം | ഏണിയും പാമ്പും | സ്യമന്തകം | മതം മടുക്കുമ്പോൾ | അപരാഹ്നം | പ്രവാസം | ഓർക്കുന്നു നിരന്തരം | തീരെച്ചെറിയ ഉറുമ്പുകൾ | ഇരുൾയാത്രകൾ | നഗരശില്പി | സഖാന്ദ്ര | മന്ദസമീരണൻ | നമ്മൾ | കടലിരമ്പുന്നു | ഇന്നലെകൾ | നിർബോധനം | തിരകൾ എണ്ണുമ്പോൾ | പന്തയക്കുതിരകൾ | പാൽമിറയിലെ കമാനങ്ങൾ | ഒരു പൈങ്കിളിക്കവിത | ബിംബിസാരന്റെ യാഗശാല | ഒരു തിരി കൊളുത്തട്ടെ! | അവത് | വഴിയും കാല്പാടും | ഇതു പ്രളയകാലം! | നളന്ദയിലെ മിന്നാമിനുങ്ങുകൾ | താതാത്മജം | സൂര്യനായ്, സൂര്യപ്രവേഗമായ്‌ | ഗ്രാമാന്തരം | ഇന്ദ്രജാലം | മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ | ജൈവവളം | ശത്രുപക്ഷം | ഒമര്‍ഖയാം ചിരിക്കുമ്പോള്‍ | പറയാതെ പോയ കപോതങ്ങളെ | കണ്ടുവോ സോക്രട്ടീസേ | അഹല്യ | കോട്ടു തുന്നുന്നവര്‍ | കാത്തിരിപ്പ്‌ | താമ്രപർണ്ണി | അനന്തരം | വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക
ഭാഷാന്തരം
മിഖായേൽ | ഉത്തരം സ്പഷ്ടമാണല്ലോ കാറ്റിൽ | പൂർണേന്ദുവും ഒഴിഞ്ഞ കരങ്ങളും | മുറ്റത്തു നിന്നൊരു ഗീതം