സമതലങ്ങളിലെ ശലഭങ്ങൾ

ഒമര്‍ഖയാം ചിരിക്കുമ്പോള്‍

ഇന്നലെ രാത്രിയില്‍ വന്നിരുന്നു ഒമര്‍
പുണ്യപുരാതനന്‍ വന്ദ്യവയോധികന്‍.
ജ്യാമിതീയത്തിന്‍ ത്രികോണങ്ങളില്‍ തന്റെ
കോണകമൂരിവച്ചാര്‍ത്തുല്ലസിച്ചവന്‍.
കൈയ്യിൽ ആൾജിബ്രയും തൂക്കി സമര്‍ഖണ്ടില്‍
നിന്നുമിറങ്ങി വന്നെന്നോടു ചോദിച്ചു.

"മൊട്ടത്തലയിലണക്കെട്ടുമായി നീ
നെട്ടോട്ടമോടുവതെന്തിനൊ ഏതിനോ?”

“മത്സരമല്ലഹോ ജീവിതം കേവല-
മുത്സവംമാത്രമാണല്ലോ വിദൂഷകാ.
പൊട്ടും വളകളും കാണാന്‍ മറന്നുവോ?
കൊട്ടും കുരവയും കേള്‍ക്കാത്തതെന്തു നീ?
നഷ്ടമായ് തീരും നിമേഷങ്ങളില്‍ നിറ -
പ്പൊട്ടുകള്‍തൂകാന്‍ മറന്നു നീ വത്സലാ."

"നാലായ് മടക്കിയ നേര്‍ രേഖയില്‍ തവ
ജീവിതം വീര്‍പ്പുമുട്ടുന്ന നേരങ്ങളില്‍,
രാവും പകലും പിണഞ്ഞ ചതുരങ്ങളി -
ലാള്‍പ്പടയാളിയായ് മുട്ടിനില്‍ക്കുന്നേരം,
കെട്ടുപൊട്ടിച്ചൊരു പട്ടമായ്ത്തീരണം
കെട്ടുകളെല്ലാമറുത്തെറിഞ്ഞീടണം.
കോട്ടും കളസവും ജാക്കറ്റുമൂരി നീ
കാറ്റിന്‍കളേബരം പുൽകാനിറങ്ങണം.
ജീവിതം മുന്തിരിച്ചാറായ്, ലഹരിയായ്
ഓരോഞരമ്പിലും പെയ്തിറങ്ങീടണം.
ദൂരെ നിശീഥത്തിലാദ്യ നക്ഷത്രം പോലെ
നേരിന്‍നിലാവായ് പടര്‍ന്നിറങ്ങീടണം.
താരങ്ങളില്‍ മിഴിനട്ടു നില്‍ക്കുമ്പോഴും
തോരാത്തഭൂമിയില്‍ കാലുറച്ചീടണം.
ധൂളിയായ് വന്നു വിതാനിച്ചു ഭൂമിയില്‍
ധൂമമായ്തീരേണ്ട സംയുക്തമാണു നീ.
ജീവിതം പൂജ്യമാണുണ്ണീ മറക്കായ്ക
സായൂജ്യമല്ലോ അനാദിമദ്ധ്യാന്തങ്ങള്‍."


ഒമർഖയാം - ആയിരത്തോളം വർഷങ്ങൾക്കു മുമ്പ് പേർഷ്യയിൽ(ഇന്നത്തെ ഇറാൻ) ജീവിച്ചിരുന്ന ഗണിത ശാസ്ത്രജ്ഞൻ, വാന നിരീക്ഷകൻ , അദ്ധ്യാപകൻ, തത്ത്വചിന്തകൻ, കവി. ജീവിതം ദുഖിക്കുവാനുള്ളതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. Read Rubiyat of Omar Khayyam


09.03.2013

ഉള്ളടക്കം
സമതലങ്ങളിലെ ശലഭങ്ങൾ | ഷെല്ലിയിലേക്കുള്ള വഴി | രജതകുംഭം | ഏണിയും പാമ്പും | സ്യമന്തകം | മതം മടുക്കുമ്പോൾ | അപരാഹ്നം | പ്രവാസം | ഓർക്കുന്നു നിരന്തരം | തീരെച്ചെറിയ ഉറുമ്പുകൾ | ഇരുൾയാത്രകൾ | നഗരശില്പി | സഖാന്ദ്ര | മന്ദസമീരണൻ | നമ്മൾ | കടലിരമ്പുന്നു | ഇന്നലെകൾ | നിർബോധനം | തിരകൾ എണ്ണുമ്പോൾ | പന്തയക്കുതിരകൾ | പാൽമിറയിലെ കമാനങ്ങൾ | ഒരു പൈങ്കിളിക്കവിത | ബിംബിസാരന്റെ യാഗശാല | ഒരു തിരി കൊളുത്തട്ടെ! | അവത് | വഴിയും കാല്പാടും | ഇതു പ്രളയകാലം! | നളന്ദയിലെ മിന്നാമിനുങ്ങുകൾ | താതാത്മജം | സൂര്യനായ്, സൂര്യ പ്രവേഗമായ്‌ | ഗ്രാമാന്തരം | ഇന്ദ്രജാലം | മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ | ജൈവവളം | ശത്രുപക്ഷം | ഒമര്‍ഖയാം ചിരിക്കുമ്പോള്‍ | പറയാതെ പോയ കപോതങ്ങളെ | കണ്ടുവോ സോക്രട്ടീസേ | അഹല്യ | കോട്ടു തുന്നുന്നവര്‍ | കാത്തിരിപ്പ്‌ | താമ്രപർണ്ണി | അനന്തരം | വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക
ഭാഷാന്തരം
മിഖായേൽ | ഉത്തരം സ്പഷ്ടമാണല്ലോ കാറ്റിൽ | പൂർണേന്ദുവും ഒഴിഞ്ഞ കരങ്ങളും | മുറ്റത്തു നിന്നൊരു ഗീതം