സമതലങ്ങളിലെ ശലഭങ്ങൾ

കോട്ടു തുന്നുന്നവര്‍

നഗ്നനായിരിക്കുവാനെനിക്കിഷ്ടം
സഹർഷം ശുദ്ധവായുവുമേറ്റു,
വെളിച്ചത്തിൻ മുഗ്ദ്ധരേണുക്കളിലിഴഞ്ഞും,
മലര്‍ന്നുകിടന്നുറക്കെത്തുപ്പിയും,
ഉണർവ്വിന്റെ പകലുകളൊക്കെയുമുറങ്ങിയും,
മുദിതനായിരുട്ടിലുന്മാദിച്ചും,
ഭ്രാന്തമായ് ചിരിച്ചും,
ചിരിയുടെ സന്ധിയിലമര്‍ത്തിക്കരഞ്ഞും….
തോന്നിവാസത്തിന്റെ സ്വാതന്ത്ര്യമാണെനിക്കിഷ്ടം.

ഇന്നലെ അച്ഛന്‍ ചൊല്ലി
"കുഞ്ഞുമോനിരിക്കട്ടെ കിന്നരിതുന്നിച്ചേര്‍ത്ത
കുപ്പായമതിലവന്‍ സിംഹമായ് വളരേണം"
പിന്നെ അമ്മാവന്‍ ചൊല്ലി
"പൊള്ളയായ്ചിരിച്ചീടാൻ, കള്ളങ്ങളുരച്ചീടാൻ,
വെള്ളക്കോട്ടിരിക്കട്ടെ, മന്ത്രിയായ് തിരിച്ചെത്തു"
പിന്നെ എന്നേട്ടന്‍ നല്‍കി
നേരു പാവിട്ടതിൽ ഊടിട്ടനുണതൻ നൂലാൽ
പാരിന്റെപതിപ്പായി നെയ്തൊരു മഹാവസ്ത്രം;
"ഗോളംപോൽകറങ്ങുമ്പോൾ സൂര്യനായ്ഞാനുണ്ടാവും
ചൊല്ലുവതനുസരിച്ചീടേണം പൊന്നോമനെ"

മത്സരിക്കുവാനൊരു കോട്ടു നല്കിയെന്നമ്മ,
പോർക്കളങ്ങളിൽ ജയിച്ചെത്തുവാൻ പോർച്ചട്ടയായ്.
ധീരനായിരിക്കുവാനേകിയെന്‍ സതീർത്ഥ്യനും,
ദാനശീലനായ്ത്തീരാനേകിയെന്‍ നേര്‍പെങ്ങളും.
നരച്ച കുപ്പയമൂരി ചൊല്ലിയെന്‍ ഗുരുനാഥന്‍
"വിളിച്ചുകൂവണം സത്യം, നിനക്കിതിരിക്കട്ടെ"

കിന്നരിച്ചിരിക്കുവാൻ കോട്ടു കാമുകി നൽകി,
സന്നിഭനാകാനെന്നും നാട്ടു മാമാരച്ചോട്ടില്‍.
"കറുത്ത കൊട്ടാണിതു രാത്രിയിലത്യുത്തമം,
മറിച്ചുചൊല്ലീടേണ്ട" ചൊല്ലിയെന്നാപ്പീസറും.
കോട്ടുകളൊരുപാടു നല്‍കിയെന്‍ വാമേശ്വരി
സൂത്രത്തിലിട്ടോണ്ടോരോ നേരവുമുലാത്തുവാന്‍.

കോട്ടുകൾ വേണം നാണം മറയ്ക്കാൻ, കാണും നേരിൻ
കോട്ടകള്‍ മറയ്ക്കുവാന്‍ നാണമുള്ളവര്‍ക്കെല്ലാം.
കോട്ടുകള്‍ വേണം, എന്നും വൈരൂപ്യംമറച്ചീടാൻ
ചീട്ടുകൊട്ടാരം വീഴും കോട്ടുകളഴിക്കുകിൽ.


26.12.2012

ഉള്ളടക്കം
സമതലങ്ങളിലെ ശലഭങ്ങൾ | ഷെല്ലിയിലേക്കുള്ള വഴി | രജതകുംഭം | ഏണിയും പാമ്പും | സ്യമന്തകം | മതം മടുക്കുമ്പോൾ | അപരാഹ്നം | പ്രവാസം | ഓർക്കുന്നു നിരന്തരം | തീരെച്ചെറിയ ഉറുമ്പുകൾ | ഇരുൾയാത്രകൾ | നഗരശില്പി | സഖാന്ദ്ര | മന്ദസമീരണൻ | നമ്മൾ | കടലിരമ്പുന്നു | ഇന്നലെകൾ | നിർബോധനം | തിരകൾ എണ്ണുമ്പോൾ | പന്തയക്കുതിരകൾ | പാൽമിറയിലെ കമാനങ്ങൾ | ഒരു പൈങ്കിളിക്കവിത | ബിംബിസാരന്റെ യാഗശാല | ഒരു തിരി കൊളുത്തട്ടെ! | അവത് | വഴിയും കാല്പാടും | ഇതു പ്രളയകാലം! | നളന്ദയിലെ മിന്നാമിനുങ്ങുകൾ | താതാത്മജം | സൂര്യനായ്, സൂര്യ പ്രവേഗമായ്‌ | ഗ്രാമാന്തരം | ഇന്ദ്രജാലം | മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ | ജൈവവളം | ശത്രുപക്ഷം | ഒമര്‍ഖയാം ചിരിക്കുമ്പോള്‍ | പറയാതെ പോയ കപോതങ്ങളെ | കണ്ടുവോ സോക്രട്ടീസേ | അഹല്യ | കോട്ടു തുന്നുന്നവര്‍ | കാത്തിരിപ്പ്‌ | താമ്രപർണ്ണി | അനന്തരം | വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക
ഭാഷാന്തരം
മിഖായേൽ | ഉത്തരം സ്പഷ്ടമാണല്ലോ കാറ്റിൽ | പൂർണേന്ദുവും ഒഴിഞ്ഞ കരങ്ങളും | മുറ്റത്തു നിന്നൊരു ഗീതം