സമതലങ്ങളിലെ ശലഭങ്ങൾ

കാത്തിരിപ്പ്‌

അവസാനതോണിയും പോകവേ യമുനതന്‍
വിരിമാറിലിരുളിന്റെ കുളിര്‍ പരന്നീടവേ,
വിജനമീ കടവിലെ പുളിനങ്ങളില്‍ രാത്രി-
നരികള്‍ ഭയത്തിന്റെചിത്രം പതിയ്ക്കവേ,
തലനാരിഴകൊണ്ടുഡുക്കളെ ബന്ധിച്ചു
തിമിരരഥമേറി മാരുതി പായവേ,
ഒരു ചുടുനിശ്വാസധാരയില്‍ ജീവന്റെ
ഹരിതദലങ്ങളോ വിറയാര്‍ന്നു വാടവേ,
അകലങ്ങളില്‍ സ്വപ്നവിധിയാലുണര്‍ന്നാര്‍ത്തു
വിലപിക്കുമുണ്ണി തന്നമ്മയെ തേടവേ,
സമരതീരത്തിലശാന്തിപ്പിശാചുക്കള്‍
വെടിയുണ്ട ഉണ്ടു മദിച്ചു തിമര്‍ക്കവേ,
അവസാനസദ്യയും നീരുമായ് കാവലാള്‍
ഇടനാഴിതാണ്ടി തുറുങ്കിലെത്തീടവേ,
അതിഥിയായവസാനമെത്തും വണിക്കിനെ
മൊഴിചൊല്ലി സ്ത്രീത്വ മുറങ്ങാന്‍ കിടക്കവേ,
എവിടെ പനിമതിക്കൊതുമ്പുവള്ളത്തില്‍ നീ
പതിയെത്തുഴഞ്ഞീ കടവിലെത്തീടുക.

ഒരുപാടുയാത്രയുണ്ടിനിയും വിപത്തിന്റെ
കഠിനനിലങ്ങളില്‍ മഴയുതിര്‍ത്തീടുവാന്‍.
ശരമാരിപെയ്യുന്ന സമരനിലങ്ങളില്‍
ശരദിന്ദു സ്നേഹത്തിനമൃതു വര്‍ഷിക്കുവാന്‍.
എവിടെവിടെ ഖഡ്ഗപ്പിണരുകൾ ജീവന്റെ
തുടിതാളമന്യധാ മാറ്റിമറിക്കുന്നു,
അവിടവിടെയെത്തണം ജീവത്തുടിപ്പിന്നു
സ്വരരാഗമധുമാരി കുളിരു വര്‍ഷിക്കുവാന്‍.
ഇനിയും പിറക്കണം കാരാഗൃഹങ്ങള്‍ ത-
ന്നിടനാഴിയില്‍ ശുഭ്രവര്‍ണ്ണക്കപോതങ്ങള്‍.
അരിയചിറകുകള്‍ മെല്ലെ വിരിച്ചതി-
രില്ലാത്ത ഭൂമിയിലാടിപ്പറക്കണം.

ഒരുപാടു തീരങ്ങളില്‍ കാത്തിരിപ്പിന്റെ
കരിവിളക്കേന്തിത്തളര്‍ന്നുറങ്ങുന്നവര്‍,
ഒരുപാടു കാവല്‍പ്പുരകളില്‍ ചകിതരായ്
രണഭൂമി താണ്ടാന്‍ കൊതിച്ചു കൂടുന്നവര്‍,
അവിടെയെത്തീടണം കുമ്പിളില്‍ കനിവിന്റെ
നിറവൊളിച്ചാര്‍ത്തുമായിശ്യാമ ഭൂമിയില്‍.


കവിതയുടെ രണ്ടാം ഭാഗം സൂര്യനായ്, സൂര്യ പ്രവേഗമായ്‌
06.01.2011

ഉള്ളടക്കം
സമതലങ്ങളിലെ ശലഭങ്ങൾ | ഷെല്ലിയിലേക്കുള്ള വഴി | രജതകുംഭം | ഏണിയും പാമ്പും | സ്യമന്തകം | മതം മടുക്കുമ്പോൾ | അപരാഹ്നം | പ്രവാസം | ഓർക്കുന്നു നിരന്തരം | തീരെച്ചെറിയ ഉറുമ്പുകൾ | ഇരുൾയാത്രകൾ | നഗരശില്പി | സഖാന്ദ്ര | മന്ദസമീരണൻ | നമ്മൾ | കടലിരമ്പുന്നു | ഇന്നലെകൾ | നിർബോധനം | തിരകൾ എണ്ണുമ്പോൾ | പന്തയക്കുതിരകൾ | പാൽമിറയിലെ കമാനങ്ങൾ | ഒരു പൈങ്കിളിക്കവിത | ബിംബിസാരന്റെ യാഗശാല | ഒരു തിരി കൊളുത്തട്ടെ! | അവത് | വഴിയും കാല്പാടും | ഇതു പ്രളയകാലം! | നളന്ദയിലെ മിന്നാമിനുങ്ങുകൾ | താതാത്മജം | സൂര്യനായ്, സൂര്യ പ്രവേഗമായ്‌ | ഗ്രാമാന്തരം | ഇന്ദ്രജാലം | മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ | ജൈവവളം | ശത്രുപക്ഷം | ഒമര്‍ഖയാം ചിരിക്കുമ്പോള്‍ | പറയാതെ പോയ കപോതങ്ങളെ | കണ്ടുവോ സോക്രട്ടീസേ | അഹല്യ | കോട്ടു തുന്നുന്നവര്‍ | കാത്തിരിപ്പ്‌ | താമ്രപർണ്ണി | അനന്തരം | വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക
ഭാഷാന്തരം
മിഖായേൽ | ഉത്തരം സ്പഷ്ടമാണല്ലോ കാറ്റിൽ | പൂർണേന്ദുവും ഒഴിഞ്ഞ കരങ്ങളും | മുറ്റത്തു നിന്നൊരു ഗീതം