സമതലങ്ങളിലെ ശലഭങ്ങൾ

കണ്ടുവോ സോക്രട്ടീസേ

പാളയം പാതയില്‍ ഒരുപിടിച്ചൂട്ടുമായ്
ആരെ നീ തിരയുന്നു ഗ്രീക്കിലെ സോക്രട്ടീസേ?
ആളുന്ന പന്തത്തിന്റെ നാളത്തില്‍ തിളങ്ങുന്ന
നാസികത്തുമ്പു കൊണ്ടാരെ നീ മണക്കുന്നു?
വെളിച്ചം പോരെന്നുണ്ടോ? ഉച്ച വെയിലിൻ
തീക്ഷ്ണപക്ഷങ്ങള്‍ തളര്‍ന്നുവോ? വിളക്കു പൊലിഞ്ഞുവൊ?
കാറ്റിലാടും കരിമ്പനച്ചാര്‍ത്തു പോലുല-
ഞ്ഞാര്‍ത്തനായ് തിരയുന്നു ഓരോ മുഖത്തിലും.

നോക്കി നീ ദേവാലയ സമക്ഷത്തില്‍
നേര്‍ച്ചകളര്‍പ്പിച്ചിറങ്ങും ഭക്തന്മാരെ,
പേപ്പറില്‍ തുല്യം ചാര്‍ത്തുവോര്‍, പരശ്ശതം
നോട്ടു മാലകളിട്ടു ക്ഷേമം വിളമ്പുവോര്‍,
പെരുക്കിക്കിഴിക്കുവോര്‍, കണക്കിലെ
കളികള്‍ക്ക് കപ്പം കൊടുക്കുവോര്‍,
ദൈവത്തെ മുറിച്ചുവില്‍ക്കുന്നവര്‍,
പഠിക്കുവോര്‍, പാഠങ്ങള്‍ ചൊല്ലിക്കൊടുക്കുവോര്‍,
പിന്നെ പഠനം വില്‍ക്കുന്നവര്‍,
രോഗിയെ കക്കുന്നവര്‍, കള്ളനെ മുക്കുന്നവർ.

കണ്ടുവോ മഹാത്മാവേ നീ തേടുമാത്മാവിനെ?
ദണ്ഡകാരണ്യമല്ലോ പാളയം പെരുവഴി!
ആളുകള്‍ പുഴുക്കളായ് ഞുളഞ്ഞു മദിക്കുന്ന
പാതയില്‍ പഴത്തൊലി പോലെ നീ മരുവുന്നു.

മാനുഷ്യകത്തിന്റെ പൊരുളിലേക്കൊളിചിമ്മി
നോക്കിയ നയനങ്ങള്‍ കലങ്ങി മറിഞ്ഞുവോ?
നേര്‍ത്തഫാലത്തില്‍ കാലം തീര്‍ത്ത സീതങ്ങളില്‍
വേര്‍പ്പിന്റെ പെരുവെള്ളമലറിപ്പായുന്നല്ലോ.
'പ്ളേറ്റൊയും', 'ക്സിനഫോണും' വന്ദിച്ചൊരടികളില്‍
ചേറുപറ്റിയോ മുന്നം വിഴുപ്പിൻ തീരങ്ങളിൽ?
ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ കൊണ്ടറിവിന്‍ നികുംഭില
ഭേദിച്ച നാവിന്‍ തുമ്പും ഉണങ്ങി വരണ്ടുവോ?
ഒടുവില്‍ രക്തസ്സാക്ഷി മണ്ഡപപ്പടികളില്‍
തണുപ്പുബാധിച്ച കാലുമായിരിക്കവേ,
തരിപ്പു നാവിന്‍ തുമ്പിലെത്തും മുമ്പുരയ്ക്കുന്നു,
"കോഴിയെ കൊടുക്കണം; മർത്യനെ കണ്ടില്ലല്ലോ!"


23.01.2013

ഉള്ളടക്കം
സമതലങ്ങളിലെ ശലഭങ്ങൾ | ഷെല്ലിയിലേക്കുള്ള വഴി | രജതകുംഭം | ഏണിയും പാമ്പും | സ്യമന്തകം | മതം മടുക്കുമ്പോൾ | അപരാഹ്നം | പ്രവാസം | ഓർക്കുന്നു നിരന്തരം | തീരെച്ചെറിയ ഉറുമ്പുകൾ | ഇരുൾയാത്രകൾ | നഗരശില്പി | സഖാന്ദ്ര | മന്ദസമീരണൻ | നമ്മൾ | കടലിരമ്പുന്നു | ഇന്നലെകൾ | നിർബോധനം | തിരകൾ എണ്ണുമ്പോൾ | പന്തയക്കുതിരകൾ | പാൽമിറയിലെ കമാനങ്ങൾ | ഒരു പൈങ്കിളിക്കവിത | ബിംബിസാരന്റെ യാഗശാല | ഒരു തിരി കൊളുത്തട്ടെ! | അവത് | വഴിയും കാല്പാടും | ഇതു പ്രളയകാലം! | നളന്ദയിലെ മിന്നാമിനുങ്ങുകൾ | താതാത്മജം | സൂര്യനായ്, സൂര്യ പ്രവേഗമായ്‌ | ഗ്രാമാന്തരം | ഇന്ദ്രജാലം | മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ | ജൈവവളം | ശത്രുപക്ഷം | ഒമര്‍ഖയാം ചിരിക്കുമ്പോള്‍ | പറയാതെ പോയ കപോതങ്ങളെ | കണ്ടുവോ സോക്രട്ടീസേ | അഹല്യ | കോട്ടു തുന്നുന്നവര്‍ | കാത്തിരിപ്പ്‌ | താമ്രപർണ്ണി | അനന്തരം | വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക
ഭാഷാന്തരം
മിഖായേൽ | ഉത്തരം സ്പഷ്ടമാണല്ലോ കാറ്റിൽ | പൂർണേന്ദുവും ഒഴിഞ്ഞ കരങ്ങളും | മുറ്റത്തു നിന്നൊരു ഗീതം