സമതലങ്ങളിലെ ശലഭങ്ങൾ

ജൈവവളം

ചുവന്നപൂക്കൾ പരവതാനിപാകിയ
നീണ്ടവഴികൾക്കപ്പുറം ശിലാഫലകമായിരുന്നു*.
ചരിത്രംമറന്ന കടിഞ്ഞൂൽപ്പൊട്ടന്മാർക്കുള്ള
ശക്തമായ താക്കീതുമായി
അതു ദശാബ്ദങ്ങളോളം നിലകൊണ്ടു.
"മഹായുദ്ധങ്ങളിൽ മരിച്ചവർക്കു പ്രണാമം.
ചരിത്രം മറക്കുന്നവൻ, അതാവർത്തിക്കാനനുവദിക്കുന്ന കുറ്റവാളിയാണ്."
അതുവായിച്ച് ആവഴി പറന്നുപോയ
ഒരുകാക്ക ഫലകത്തിൽ കാഷ്ഠിച്ചു.
പിന്നെ പരശ്ശതം കാക്കകൾ അതാവർത്തിച്ചു.

അപ്പോഴും ദൂരെഗ്രാമങ്ങളിൽ
വെടിയുണ്ടയേറ്റ മനുഷ്യശരീരങ്ങൾകൊണ്ട്
ജൈവവളം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു പ്രകൃതി.
വേഷംമാറിവന്ന മഹായുദ്ധങ്ങൾ
വാണിജ്യാധിനിവേശത്തിന്റരൂപത്തിൽ ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.

ഫലകങ്ങൾക്കപ്പുറം
ഇത്തിരിപ്പോന്നഓർമ്മയുടെ പിന്നാമ്പുറങ്ങളിൽ
അനാദിയുടെചക്രവാളം നീണ്ടുനിവർന്നു കിടന്നു.
പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ശൂന്യതയിൽ,
പിണ്ഡവും ഊർജ്ജവും മഹാരതിയുടെ പദങ്ങളാടിയപ്പോൾ
കാലം ഉരുണ്ടുപോയ വഴികളിൽ
ജീവൻ തുടിച്ചുണർന്നു.
പിന്നെ അണമുറിയാത്ത അവസ്ഥാന്തരങ്ങൾ.
കൊന്നും, തിന്നും നിലനിൽപ്പിന്റ മേച്ചിൽപ്പുറങ്ങളിൽ അവ വിഹരിച്ചു.
ഇത്തിരിപ്പോന്ന വെളിച്ചത്തിന്റ അഹങ്കാരത്തിൽ
ഇരുട്ടിനെ അവൻ വെല്ലുവിളിച്ചു.
അറിയാത്തഇരുട്ടിനെ
അവൻ 'അജ്ഞത' എന്നു വിളിച്ചു.
ഫലകങ്ങൾകൊണ്ടു കാലത്തെ വെല്ലുവിളിച്ചപ്പോൾ
കാക്കൾ മാത്രം അതേറ്റെടുത്തു.
അഹങ്കാരത്തിനുള്ള മറുപടിയായി
യുറിക്കാസിഡിൽപൊതിഞ്ഞ ജൈവവളം സമ്മാനിച്ച്
അകാലത്തിലേക്കവ പറന്നുപോയി.


* ലോകമഹായുദ്ധങ്ങളുടെ സ്മാരകഫലകം
03.06.2013

ഉള്ളടക്കം
സമതലങ്ങളിലെ ശലഭങ്ങൾ | ഷെല്ലിയിലേക്കുള്ള വഴി | രജതകുംഭം | ഏണിയും പാമ്പും | സ്യമന്തകം | മതം മടുക്കുമ്പോൾ | അപരാഹ്നം | പ്രവാസം | ഓർക്കുന്നു നിരന്തരം | തീരെച്ചെറിയ ഉറുമ്പുകൾ | ഇരുൾയാത്രകൾ | നഗരശില്പി | സഖാന്ദ്ര | മന്ദസമീരണൻ | നമ്മൾ | കടലിരമ്പുന്നു | ഇന്നലെകൾ | നിർബോധനം | തിരകൾ എണ്ണുമ്പോൾ | പന്തയക്കുതിരകൾ | പാൽമിറയിലെ കമാനങ്ങൾ | ഒരു പൈങ്കിളിക്കവിത | ബിംബിസാരന്റെ യാഗശാല | ഒരു തിരി കൊളുത്തട്ടെ! | അവത് | വഴിയും കാല്പാടും | ഇതു പ്രളയകാലം! | നളന്ദയിലെ മിന്നാമിനുങ്ങുകൾ | താതാത്മജം | സൂര്യനായ്, സൂര്യ പ്രവേഗമായ്‌ | ഗ്രാമാന്തരം | ഇന്ദ്രജാലം | മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ | ജൈവവളം | ശത്രുപക്ഷം | ഒമര്‍ഖയാം ചിരിക്കുമ്പോള്‍ | പറയാതെ പോയ കപോതങ്ങളെ | കണ്ടുവോ സോക്രട്ടീസേ | അഹല്യ | കോട്ടു തുന്നുന്നവര്‍ | കാത്തിരിപ്പ്‌ | താമ്രപർണ്ണി | അനന്തരം | വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക
ഭാഷാന്തരം
മിഖായേൽ | ഉത്തരം സ്പഷ്ടമാണല്ലോ കാറ്റിൽ | പൂർണേന്ദുവും ഒഴിഞ്ഞ കരങ്ങളും | മുറ്റത്തു നിന്നൊരു ഗീതം