സമതലങ്ങളിലെ ശലഭങ്ങൾ

ഇതു പ്രളയകാലം!

നീ എന്റ ആരുമല്ല;
എങ്കിലും നിന്നെ ശത്രുവായിക്കാണാൻ ആരോ പഠിപ്പിച്ചു.
നീ ഒരുദ്രോഹവും ചെയ്തില്ല;
എങ്കിലും നിന്നെ കൊന്നൊടുക്കാൻ ഞാൻ നിയോഗിക്കപ്പെട്ടു.

സ്വാതന്ത്ര്യത്തിന്റപേരിൽ മുറിച്ചുമാറ്റപ്പെട്ട സഹോദരാ,
നിന്റെയും എന്റെയും പൊക്കിൾക്കൊടിയുടെ വേരുകൾ
ഉറച്ചിരുന്നമണ്ണിന് ഒരേനിറമായിരുന്നു.
അതിലുടെ മദിച്ചുല്ലസിച്ചൊഴുകിയ നദികൾ
പാടിയത് ഒരേഗാനമായിരുന്നു.
ഉഴുതുമറിച്ച മണ്ണിൽ മുളച്ചുപൊന്തിയ
നാമ്പുകൾക്കൊരേവീര്യമായിരുന്നു,
അതിൽ വിരിഞ്ഞാടിയ ഹരിതദലങ്ങൾ
നുകർന്നത്‌ ഒരേസൂര്യനെ ആയിരുന്നു,
പൊട്ടിവിടർന്ന പൂക്കൾക്കൊരേ ഗന്ധമായിരുന്നു.
ഋതുഭേദങ്ങളിലൂടെ ചിറകുവിരിച്ചു കടന്നുപോയ
കിളികൾക്കൊരേ ലക്ഷ്യമായിരുന്നു.
എങ്കിലും നീ ശത്രുവായി മാറി; ഞാൻപോലുമറിയാതെ!

ഓർക്കുക, എനിക്കും നിനക്കും കിട്ടിയ സ്വാതന്ത്ര്യത്തിനു പകരം നൽകിയത്‌
നമ്മുടെ ശാന്തിയായിരുന്നു; സാഹോദര്യമായിരുന്നു.
തിരിച്ചറിവുകൾ ഇല്ലാതെപോയ കാലത്തിന്റെ ജ്വരസന്ധികളിൽ
മൂഢസ്വപ്‌നങ്ങൾ നല്കി നമ്മുടെ സമാധാനം കവർന്നെടുത്തവരെ തിരിച്ചറിയുക.

ഇതു പ്രളയമാണ്; മനുഷ്യൻ തീർത്ത അതിർവരമ്പുകളെ
പ്രകൃതി ധിക്കരിക്കുന്ന വിനോദകാലം;
ഒഴുകിയെത്തുന്ന ജഡങ്ങൾ അതിരുകൾ മാനിക്കാത്ത ദുരന്തകാലം.
ഈ പ്രളയത്തിന്റ എകതയിലൂടെ,
ആരൊക്കെയോ കവർന്നെടുത്ത
നമ്മുടെസ്വാതന്ത്ര്യം വീണ്ടെടുക്കാം,
പണയംവച്ച സമാധാനം തിരിച്ചെടുക്കാം.
ത്രസിക്കുന്ന മണ്ണിന്റ വ്രണിതസ്വപ്നങ്ങളിലൂടെ
നമുക്കു കൈകോർത്തു നടക്കാം.
അവിടെ ഇറ്റുവീഴുന്ന സ്വേതബിന്ദുക്കൾ
മണ്ണിന്റെ ശപ്തമായ മുറിവുകളിൽ സഞ്ജീവനി ആവട്ടെ.
ഗന്ധകം മണക്കാത്ത പകൽ വെളിച്ചത്തിൽ,
നിന്റെയും എന്റെയും കുഞ്ഞുങ്ങൾ
കൈകോർത്തു നടക്കുമാറാകട്ടെ.

സഹോദരാ; എന്റെയും നിന്റെയും സ്വാതന്ത്ര്യം ഒടുങ്ങുന്നിടത്തു മാത്രമാണ്
നമ്മുടെ സ്വാതന്ത്ര്യം ഉറവപൊട്ടുന്നത്.


22.09.2014

ഉള്ളടക്കം
സമതലങ്ങളിലെ ശലഭങ്ങൾ | ഷെല്ലിയിലേക്കുള്ള വഴി | രജതകുംഭം | ഏണിയും പാമ്പും | സ്യമന്തകം | മതം മടുക്കുമ്പോൾ | അപരാഹ്നം | പ്രവാസം | ഓർക്കുന്നു നിരന്തരം | തീരെച്ചെറിയ ഉറുമ്പുകൾ | ഇരുൾയാത്രകൾ | നഗരശില്പി | സഖാന്ദ്ര | മന്ദസമീരണൻ | നമ്മൾ | കടലിരമ്പുന്നു | ഇന്നലെകൾ | നിർബോധനം | തിരകൾ എണ്ണുമ്പോൾ | പന്തയക്കുതിരകൾ | പാൽമിറയിലെ കമാനങ്ങൾ | ഒരു പൈങ്കിളിക്കവിത | ബിംബിസാരന്റെ യാഗശാല | ഒരു തിരി കൊളുത്തട്ടെ! | അവത് | വഴിയും കാല്പാടും | ഇതു പ്രളയകാലം! | നളന്ദയിലെ മിന്നാമിനുങ്ങുകൾ | താതാത്മജം | സൂര്യനായ്, സൂര്യ പ്രവേഗമായ്‌ | ഗ്രാമാന്തരം | ഇന്ദ്രജാലം | മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ | ജൈവവളം | ശത്രുപക്ഷം | ഒമര്‍ഖയാം ചിരിക്കുമ്പോള്‍ | പറയാതെ പോയ കപോതങ്ങളെ | കണ്ടുവോ സോക്രട്ടീസേ | അഹല്യ | കോട്ടു തുന്നുന്നവര്‍ | കാത്തിരിപ്പ്‌ | താമ്രപർണ്ണി | അനന്തരം | വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക
ഭാഷാന്തരം
മിഖായേൽ | ഉത്തരം സ്പഷ്ടമാണല്ലോ കാറ്റിൽ | പൂർണേന്ദുവും ഒഴിഞ്ഞ കരങ്ങളും | മുറ്റത്തു നിന്നൊരു ഗീതം