സമതലങ്ങളിലെ ശലഭങ്ങൾ

അപരാഹ്നം

ഇഴകൾപിരിഞ്ഞു പടർന്നൊരീശാഖിതൻ
തണലിന്റെ സാന്ത്വനം ഏറ്റുവാങ്ങീടവേ,
അകലത്തിലെങ്ങോ മുറിഞ്ഞഗാനത്തിന്റെ
അവസാന നാദത്തിലോർക്കുന്നു നിന്നെ ഞാൻ.

നിറമുള്ള ബാല്യകാലത്തിൻ മണിച്ചെപ്പു
പതിയെത്തുറന്നു നീ മുന്നിലെത്തീടുന്നു,
കലഹിച്ചു തല്ലിക്കളിച്ചു നാം പിന്നെയും
കഥയുടെ തീരത്തു കണ്ടുമുട്ടീടുന്നു.

വെയിലിന്റെ പട്ടുടുപ്പിട്ടു നാമാനാട്ടു-
വഴിയിലെ തെച്ചിപ്പഴം നുകർന്നെത്രയോ
കഥകൾ, കടംകഥ ചൊല്ലിയിട്ടും യാത്ര-
പറയാതെ ദൂരേയ്ക്കുപോയി നീ എന്തിനോ!

ഒരുമിച്ചു നീന്തിത്തുടിച്ചൊരാ പുഴയിലൂ-
ടൊഴുകിക്കടന്നുപോയ് കാലം നിലയ്ക്കാതെ,
പുളിനത്തിൽ നിന്റെ കാൽപ്പാടുകൾ പതിയുവാൻ
പുഴകാത്തിരിക്കുന്നു സായന്തനങ്ങളിൽ.

അകലത്തിലേക്കു പറന്നുപോയെങ്കിലും
ഒരുവാക്കുചൊല്ലാതെ നീ മറഞ്ഞെങ്കിലും
ഒളിമങ്ങിടാത്ത നിന്നോർമ്മകൾ നെഞ്ചക-
ത്തണയാതെ കത്തുന്നു നോവിന്റെനാളമായ്.

പഴയൊരൂഞ്ഞാലും, കിളിച്ചുണ്ടനും, ശോണ
നിനവുറങ്ങും കൊച്ചു മഞ്ചാടിവൃക്ഷവും,
ഒരുപിടി ഓർമ്മതൻ ചില്ലിട്ടചിത്രത്തി-
ലറിയാതെ നീയുമെൻ തോഴാ കടന്നുപോയ്.

വെയിലമർന്നീടുന്നു, കാറ്റിൻ കരങ്ങളെൻ
കവിളിൽ തലോടിക്കടന്നുപോയീടുന്നു,
അകലത്തിലെ നാദവീചിയായ് നീ ഏതു
പഥസന്ധിയിൽ യാത്രതുടരാൻ കൊതിക്കുന്നു?


16.06.2016

ഉള്ളടക്കം
സമതലങ്ങളിലെ ശലഭങ്ങൾ | ഷെല്ലിയിലേക്കുള്ള വഴി | രജതകുംഭം | ഏണിയും പാമ്പും | സ്യമന്തകം | മതം മടുക്കുമ്പോൾ | അപരാഹ്നം | പ്രവാസം | ഓർക്കുന്നു നിരന്തരം | തീരെച്ചെറിയ ഉറുമ്പുകൾ. | ഇരുൾയാത്രകൾ | നഗരശില്പി | സഖാന്ദ്ര | മന്ദസമീരണൻ | നമ്മൾ | കടലിരമ്പുന്നു | ഇന്നലെകൾ | നിർബോധനം | തിരകൾ എണ്ണുമ്പോൾ | പന്തയക്കുതിരകൾ | പാൽമിറയിലെ കമാനങ്ങൾ | ഒരു പൈങ്കിളിക്കവിത | ബിംബിസാരന്റെ യാഗശാല | ഒരു തിരി കൊളുത്തട്ടെ! | അവത് | വഴിയും കാല്പാടും | ഇതു പ്രളയകാലം! | നളന്ദയിലെ മിന്നാമിനുങ്ങുകൾ | താതാത്മജം | സൂര്യനായ്, സൂര്യ പ്രവേഗമായ്‌ | ഗ്രാമാന്തരം | ഇന്ദ്രജാലം | മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ | ജൈവവളം | ശത്രുപക്ഷം | ഒമര്‍ഖയാം ചിരിക്കുമ്പോള്‍ | പറയാതെ പോയ കപോതങ്ങളെ | കണ്ടുവോ സോക്രട്ടീസേ | അഹല്യ | കോട്ടു തുന്നുന്നവര്‍ | കാത്തിരിപ്പ്‌ | താമ്രപർണ്ണി | അനന്തരം | വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക
ഭാഷാന്തരം
മിഖായേൽ | ഉത്തരം സ്പഷ്ടമാണല്ലോ കാറ്റിൽ | പൂർണേന്ദുവും ഒഴിഞ്ഞ കരങ്ങളും | മുറ്റത്തു നിന്നൊരു ഗീതം