സമതലങ്ങളിലെ ശലഭങ്ങൾ

അഹല്യ

സൂര്യവംശാത്മജാ നീ വരേണ്ടീ വഴി
ശാര്‍ദ്ദൂല, സര്‍പ്പങ്ങള്‍ മേവുന്നോരീവഴി.
ഘോരാര്‍ക്കരശ്മിതന്നാതപം പൊള്ളിച്ചൊ-
രായിരംവര്‍ഷം കടന്നുപോമെന്‍വഴി.
താപമാണെന്നിൽ ഉറഞ്ഞ ദുഃഖത്തിന്റെ
തൂണീരമാണീ അഹല്യയെന്നോര്‍ക്കുക.
നീ തൊട്ടുണര്‍ത്തേണ്ട, പാറയായ്മാറിയ
പാപിഷ്ടയല്ലീ അഹല്യയെന്നോര്‍ക്കണം.
പാതാളവഹ്നിപോല്‍ കാളുമീ മാനസം,
പാരതന്ത്ര്യത്തിലേയ്ക്കില്ല പോകില്ലഞാന്‍.
മീട്ടാന്‍മറന്നൊരു വീണയായ്പോയിനി,
നാട്ടിലേക്കില്ലഞാന്‍, കാടാണു മല്‍ഗൃഹം.
കാടായിമാറിയ മർത്ത്യമനസ്സിനെ-
ക്കാളുമാരണ്യത്തിന്‍ സുരക്ഷയാണുത്തമം.

താപസവാടത്തിലോരോ വസന്തവും
പാരിജാതങ്ങള്‍നിറച്ച ത്രിസന്ധ്യയില്‍,
പാലൊളി ചിന്നി, മൃഗാങ്കനിരുട്ടിന്റെ
പാവാട തെന്നലിലോളങ്ങള്‍ നെയ്യവേ,
കാമ്യവനത്തിലെ കൂജനമമ്പുപോല്‍
മാമകമാനസമെയ്തുമുറിക്കവേ,
ആരോവിളിച്ചപോൽ എന്മനമുന്മാദ
മോഹിതമായി ഞാനന്നോ ശിലയല്ല.

മാതൃത്വമേറാന്‍ കൊതിച്ച പൂമെയ്യൊരു
ശാപവച്ചസ്സിലുടക്കി ശിലയായി.
ആയിരംസംവത്സരങ്ങള്‍തന്‍ ഭാരവും
പേറി ആരണ്യഗര്‍ഭത്തിലുറങ്ങവെ,
മാറുംഋതുക്കളില്‍ പൂക്കളും കായ്കളും
ചൂടിത്തളിരുമായ് ഭൂമി പുഷ്പിക്കവേ,
വേദനതിന്നുകയായിരുന്നു ശില-
യാകാന്‍ കൊതിക്കാത്ത മാനസമെപ്പൊഴും.

ത്രേതായുഗത്തിന്റെപുണ്യമേ നീ കനി-
ഞ്ഞേകേണ്ടയാക്ളിന്ന ചുംബനംപോലുമേ.
നീ തൊട്ടുണര്‍ത്തേണ്ട, ആളിപ്പടരുമീ
ചേതോവികാരതരംഗമടവിയില്‍.
വാരിപ്പുണരാന്‍ കൊതിക്കും കരങ്ങളി-
ലാസുരശക്തി പകരേണ്ട രാഘവാ!

നീ തൊട്ടുണര്‍ത്തേണ്ടഹല്യമാരായിരം
കോടിയുണ്ടീ ദൂരഭൂമിയിലൊക്കെയും.
നാളെ നീയും ഭൂമിപുത്രിയെ കാഞ്ചന
സീതയായ് മാറ്റുന്ന നീതിമാനായിടും.
ഘോരാടലില്‍, ശിലാതന്തുക്കളില്‍ ദുഃഖ-
മൂറിയൊലിപ്പിച്ചു കന്മദമാക്കവേ,
ഓരോയുഗത്തിലും കല്ലായിമാറുവാന്‍
നൂറാണഹല്യമാരാക്കല്ലുടച്ചു നീ
മേലോട്ടു കെട്ടിപ്പണിയും മുറികളില്‍
രാവും പകലുമുറങ്ങട്ടെ ഗൗതമൻ.


23.01.2013

ഉള്ളടക്കം
സമതലങ്ങളിലെ ശലഭങ്ങൾ | ഷെല്ലിയിലേക്കുള്ള വഴി | രജതകുംഭം | ഏണിയും പാമ്പും | സ്യമന്തകം | മതം മടുക്കുമ്പോൾ | അപരാഹ്നം | പ്രവാസം | ഓർക്കുന്നു നിരന്തരം | തീരെച്ചെറിയ ഉറുമ്പുകൾ | ഇരുൾയാത്രകൾ | നഗരശില്പി | സഖാന്ദ്ര | മന്ദസമീരണൻ | നമ്മൾ | കടലിരമ്പുന്നു | ഇന്നലെകൾ | നിർബോധനം | തിരകൾ എണ്ണുമ്പോൾ | പന്തയക്കുതിരകൾ | പാൽമിറയിലെ കമാനങ്ങൾ | ഒരു പൈങ്കിളിക്കവിത | ബിംബിസാരന്റെ യാഗശാല | ഒരു തിരി കൊളുത്തട്ടെ! | അവത് | വഴിയും കാല്പാടും | ഇതു പ്രളയകാലം! | നളന്ദയിലെ മിന്നാമിനുങ്ങുകൾ | താതാത്മജം | സൂര്യനായ്, സൂര്യ പ്രവേഗമായ്‌ | ഗ്രാമാന്തരം | ഇന്ദ്രജാലം | മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ | ജൈവവളം | ശത്രുപക്ഷം | ഒമര്‍ഖയാം ചിരിക്കുമ്പോള്‍ | പറയാതെ പോയ കപോതങ്ങളെ | കണ്ടുവോ സോക്രട്ടീസേ | അഹല്യ | കോട്ടു തുന്നുന്നവര്‍ | കാത്തിരിപ്പ്‌ | താമ്രപർണ്ണി | അനന്തരം | വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക
ഭാഷാന്തരം
മിഖായേൽ | ഉത്തരം സ്പഷ്ടമാണല്ലോ കാറ്റിൽ | പൂർണേന്ദുവും ഒഴിഞ്ഞ കരങ്ങളും | മുറ്റത്തു നിന്നൊരു ഗീതം